ചെന്നൈ: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ മൂന്ന് യുവാക്കൾക്ക് എൽ ആൻഡ് ടി ബൈപാസിൽ പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും ആക്രമിച്ചതിൽ പങ്കുണ്ടെന്ന് പോലീസിനു സംശയം. ജൂലൈ ആറിന് പുലർച്ചെയോടെ കോയമ്പത്തൂർ നഗരത്തിലെ ക്യുബ്രാഞ്ചിലെ ഹെഡ് കോൺസ്റ്റബിളിനെ മൂന്ന് പേർ ചേർന്ന് ആക്രമിച്ചു എന്നതാണ് കേസ്.
എൽ ആൻഡ് ടി ബൈപാസിലെ വെങ്കിടപുരം ഗ്രൗണ്ടിൽ പോലീസുകാരൻ ഭാര്യയ്ക്കൊപ്പം കാറിനുള്ളിൽ ഇരിക്കവേ ഒരു സംഘം യുവാക്കൾ എത്തി ആക്രമിക്കുകയായിരുന്നു. ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച ശേഷം ചിന്നിയം പാളയത്തിനടുത്തുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ നിർത്തിയപ്പഴായിരുന്നു സംഭവം.
ദമ്പതികളുടെ സ്വർണമാല, ബ്രേസ്ലെറ്റ്, അഞ്ച് പവനിലധികം തുക്കമുള്ള മൂന്ന് സ്വർണ മോതിരങ്ങൾ എന്നിവ അവർ കവർന്നു. സുലൂർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികളുടെയും പങ്ക് സംശയിക്കുന്നുണ്ടെങ്കിലും പോലീസ് അവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ എ. ശരവണ സുന്ദർ പറഞ്ഞു.